തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്ച നീണ്ടുനിന്ന പോരാട്ട ചൂടിൽ ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർഥികളും നേതാക്കളും അണികളും എത്തും.
നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് മുന്നണികൾ. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് മൂന്നാം തുടർഭരണം ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും പ്രചാരണം കൊഴുപ്പിച്ചു.
എസ്ഡിപിഐ- എൽഡിഎഫ് ഡീൽ, കണ്ണൂരിലെ വ്യാജ ആധാർ കാർഡ് വിവാദം, പേരാമ്പ്രയിലെ സമുദായത്തിന്റെ പേര് പറഞ്ഞുള്ള വോട്ട് അഭ്യർഥന, ശബരിമല വിഷയങ്ങൾ, തൃശൂരിലെ കിറ്റ് വിവാദം, യുഡിഎഫിന്റെ വയനാട് പുനരധിവാസ ഫണ്ട് വിവാദം, ബിജെപി സീൽ വിവാദം തുടങ്ങിയ വിഷയങ്ങളാണ് അവസാന ദിവസങ്ങളിലും സജീവ ചർച്ചയായത്.
കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
2500 പ്രശ്നബാധിത പോളിങ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിങ് ബൂത്തിലേക്കുമായി 28,209 പോലീസ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ലോക്കൽ പോലീസിന് പുറമെ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റു ഡിപ്പാർട്ടുമെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ, 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്നാട് പോലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. മേയ് നാലിന് ഫലമറിയാം.
Most Read| യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ







































