തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായി. സംസ്‌ഥാനത്താകെ 985 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്‌മപരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളി.
പ്രധാന മുന്നണി സ്‌ഥാനാർഥികളുടെ പത്രികകൾ അംഗീകരിക്കപ്പെട്ടതോടെ പലയിടങ്ങളിലും ഡമ്മി സ്‌ഥാനാർഥികൾ പത്രിക പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. പല പ്രമുഖ മണ്ഡലങ്ങളിലും വിമത ഭീഷണി നിലനിൽക്കുന്നതിനാൽ നാളത്തെ പിൻവലിക്കൽ സമയം മുന്നണികൾക്ക് അതീവ നിർണായകമാണ്.
നിലവിലെ കണക്കനുസരിച്ച് സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ സ്‌ഥാനാർഥികൾ ഉള്ളത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലാണ്. 17 പേരാണ് ഇവിടെ പത്രിക സമർപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. ഇവിടെ 16 സ്‌ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. 985 പേരാണ് ഇപ്പോൾ കളത്തിലുള്ളതെങ്കിലും നാളത്തെ മാറ്റങ്ങൾ കൂടി ഇതിൽ പ്രതിഫലിക്കും.
പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ യഥാർഥ മൽസര ചിത്രം തെളിയും. 2021ൽ സംസ്‌ഥാനത്ത് 957 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. എല്ലാ മുന്നണികളും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലെയും മൽസര ചിത്രം വ്യക്‌തമായിരിക്കുകയാണ്.
മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്. ഇനിയങ്ങോട്ട് കേരളത്തിൽ തീപാറും പ്രചാരണങ്ങളുടെ ദിനങ്ങളായിരിക്കും.
Most Read| പശ്‌ചിമേഷ്യൻ യുദ്ധം; റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ, വെനസ്വേലയിൽ നിന്നും വാങ്ങും





































