തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. സിപിഎം 86 സീറ്റുകളിൽ മൽസരിക്കും. 56 എംഎൽഎമാർ മൽസര രംഗത്തുണ്ട്. പിബിയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ് മൽസരിക്കുന്നത്. ധർമ്മടത്ത് പിണറായി വിജയനും പേരാവൂരിൽ കെകെ. ശൈലജയും മൽസരിക്കും.
ഒമ്പത് മന്ത്രിമാരും മൽസരരംഗത്തുണ്ട്. സ്പീക്കർ എഎൻ. ഷംസീറിനും എംഎം മണിക്കും സീറ്റില്ല. ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെകെ. ജയചന്ദ്രൻ മൽസരിക്കും. എഎൻ ഷംസീറിന് പകരം തലശ്ശേരിയിൽ കാരായി രാജനാണ് മൽസരിക്കുന്നത്. പാലക്കാട്ട് സ്വതന്ത്രനായിരിക്കും മൽസരിക്കുന്നത്. കേരള കോൺഗ്രസുമായി ചർച്ചകൾ നടക്കുകയാണ്.
കോവളത്ത് സിപിഎം മൽസരിക്കില്ല. മറ്റു പാർട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. അഞ്ച് സ്വതന്ത്ര സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും. രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ ആന്റണി രാജുവിന്റെ കേസിന്റെ വിധി വന്ന ശേഷം തീരുമാനിക്കും. നാളെയാണ് വിധി വരുന്നത്.
സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൽസരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവ് നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽ തന്നെ മൽസരിക്കും.
തൃശൂരിൽ സിറ്റിങ് എംഎൽഎ പി. ബാലചന്ദ്രന് പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മൽസരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി. സതീശനെ ഇടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കൈയ്പമംഗലം എംഎൽഎയാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജിആർ അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മൽസരിക്കും.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം








































