തിരുവനന്തപുരം: മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മോശം പ്രസ്‌താവന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ദേശീയ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ ഏതെങ്കിലും സ്‌ഥലത്തെ കുറിച്ചോ പ്രത്യേക പ്രദേശത്തെ കുറിച്ചോ പരാമർശം നടത്തിയിട്ടില്ലെന്നാണ് വിശദീകരണം.
ദിനപത്രത്തിന്റെ എഡിറ്റർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അഭിമുഖത്തിൽ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. മലപ്പുറത്തിനെതിരായി മുഖ്യമന്ത്രി പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗും കോൺഗ്രസും ഉൾപ്പടെ എതിർപ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് എഡിറ്റർക്ക് കത്തയച്ചത്.
”കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്”- എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ നിലപാട് ദുർവ്യാഖ്യാനിക്കപ്പെട്ടുവെന്നും വിവാദത്തിന് ഇടയാക്കിയെന്നും പ്രസ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ഈ വിഷയങ്ങളിൽ വന്ന പ്രസ്‌താവന മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്