തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുകയാണ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്.
ഇക്കാലയളവിൽ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്.
2021ൽ 2,21,379 പേർക്കാണ് സംസ്ഥാനത്ത് കടിയേറ്റതെങ്കിൽ 2025ൽ അത് 3,69,272 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. 58,108 പേർക്ക്. സമാനമായി 2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയിട്ടാണ് വർധിച്ചത്. 2025ൽ ആലപ്പുഴയിലും കൊല്ലത്തും അഞ്ചുപേർ പേവിഷബാധയേറ്റ് മരിച്ചു.
റിട്ട. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, 43 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. നിലവിൽ തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ചെയർപേഴ്സൻ ആയ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്ജെൻഡർ ബിൽ പാസാക്കി








































