കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

By Team Member, Malabar News
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനങ്ങളോടെ ശക്‌തിപ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ശിശു-ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ(സിഡിസി) സ്‌പെഷ്യാലിറ്റി ഒപിയുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്‌ചകളിലും ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ 4 മണി വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് സിഡിസിയുടെ ഒപി തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സിഡിസിയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ ഇ-സജ്‌ഞീവനിയിലൂടെ കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുതന്നെ ചികിൽസ തേടാന്‍ സാധിക്കും.

4365 ഡോക്‌ടർമാരാണ് ഇ-സജ്‌ഞീവനിയിലൂടെ സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒപി സേവനങ്ങളാണ് നല്‍കുന്നത്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരും ഒപ്പം ഡിഎംഇയുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്‌ടർമാരും പ്രവർത്തിക്കുന്നുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്‌റ്റാഫ്, ആശ വര്‍ക്കര്‍മാര്‍, സ്‌റ്റാഫ് നഴ്‌സുമാര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ക്കും ഇ-സജ്‌ഞീവനി വഴി ഡോക്‌ടർമാരുടെ സേവനം തേടാവുന്നതാണ്.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിൽസ നടത്തുന്നവർക്കും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒപി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. അതേസമയം എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിൽസ സംബന്ധമായ സംശയങ്ങള്‍ക്കും ആളുകൾക്ക് സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ-സജ്‌ഞീവനി സേവനം ഉപയോഗിച്ചത്.

കൂടാതെ കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ വലിയ സേവനം നല്‍കുന്നവരാണ് ഇ-സജ്‌ഞീവനിയിലെ ഡോക്‌ടർമാരെന്നും, അവര്‍ക്കെതിരെ മോശമായി പെരുമാറുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ബ്രോ ഡാഡി’; ലൊക്കേഷന്‍ ചിത്രങ്ങളും വൈറൽ

എങ്ങനെ വീട്ടിലിരുന്ന് ഡോക്‌ടർറെ കാണാം?

https://esanjeevaniopd.in എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ളിക്കേഷന്‍ വഴിയോ ഇ-സജ്‌ഞീവനി ഉപയോഗിക്കാവുന്നതാണ്. http://esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്‌റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്‌ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്‌ത്‌ മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Most Read: കെഎസ്ആർടിസി പെൻഷൻ സ്‌കീം; ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE