തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
സംസ്‌ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായ സ്‌ഥിതിയാണ്. പല ട്രെയിനുകളും വൈകി ഓടുകയാണ്. ഇന്നലെ രാത്രി ഏഴുമണിയോടെ മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതിലൈനിൽ വന്നുവീണത് തീപ്പൊരിയുണ്ടാക്കി.
വൻ അപകടം തലനാരിഴയ്‌ക്കാണ് ഒഴിവായത്. അപകടമുണ്ടായ സ്‌ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെൽവേലി-ജാംനഗർ എക്‌സ്‌പ്രസ് നിർത്തുകയായിരുന്നു. നാട്ടുകാർ അപായ സൈറൺ മുഴക്കിയതോടെയാണ് ട്രെയിൻ നിർത്തിയത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. പലയിടത്തും ട്രെയിനുകൾ പിടിച്ചിട്ടു.
ആലപ്പുഴയിലും കൊച്ചിയിലും കടലാക്രമണം ശക്‌തമാണ്. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയരമുള്ള തിരയ്‌ക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. മഴക്കെടുതിയെ തുടർന്ന് സംസ്‌ഥാനത്ത് 14 ക്യാമ്പുകളിലായി 71 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാർപ്പിച്ചു. വയനാട്-7, കോഴിക്കോട്-3, തിരുവനന്തപുരം- 2, കോട്ടയം, ഇടുക്കി ഒന്ന് വീതമാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.
Most Read| കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ല; പിവി അൻവർ







































