തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർദ്ദേശങ്ങളുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
നവംബർ 13, 20 തീയതികളിൽ സംസ്‌ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം മാഞ്ഞുപോകാൻ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്‌ഥിതി ബോധ്യപ്പെടാൻ പോളിങ് ഉദ്യോഗസ്‌ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിർദ്ദേശം ഡിസംബർ പത്തിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതാണ്.
11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഡിസംബർ പത്തിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. സൂക്ഷ്‌മപരിശോധന നാളെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ പത്ത് മണിക്ക് നടക്കും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകൾ സജ്‌ജമാക്കും.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’