തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്‌ഥാനത്ത് മഴ കനക്കുന്നത്.
മണിമല നദിയിലെ കല്ലൂപ്പാറ സ്‌റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെ എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.05 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്‌തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിർദ്ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാണ് ശനിയാഴ്‌ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാവുക.
മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് ബാണാസുര ഡാമിന്റെ ഒരു ഷട്ടർ ഉയർത്തിയിട്ടുണ്ട്.
സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്‌തമായ കാറ്റ് വീശാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയാണ്.
Most Read| ആക്‌സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം