തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ചു ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത. കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി.
ശക്തമായ മഴ കാരണം ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം പൊൻമുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കില്ല. മഴ ശക്തമായി വെള്ളം ഉയർന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 90 സെന്റീമീറ്റർ ഉയർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഇനിയും ഉയർത്തുമെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.
Most Read| മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; തമിഴ്നാടിന്റെ സമ്മർദ്ദം- യോഗം മാറ്റിവെച്ചു