തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. മൂന്നുലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ളാസിലേക്ക് പ്രവേശിക്കുകയാണ്. സംസ്‌ഥാനത്ത് സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളിൽ ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കും.
പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് മന്ത്രി വി ശിവൻകുട്ടി ഒന്നാം ക്ളാസ് കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വീഡിയോ എല്ലാ സ്‌കൂളുകളിലും പ്രദർശിപ്പിക്കും. തുടർന്നാകും സ്‌കൂൾതല പ്രവേശനോൽസവം.
മന്ത്രിമാരും കലക്‌ടർമാരും ജില്ലാതല പ്രവേശനോൽസവങ്ങൾ ഉൽഘാടനം ചെയ്യും. ഒരുപിടി മാറ്റങ്ങളാകും കുട്ടികളെ ഇത്തവണ സ്‌കൂളിൽ വരവേൽക്കുക. ഹൈസ്‌കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ് ഈ വർഷത്തെ പുതിയമാറ്റം. അധിക ക്ളാസ് വെള്ളിയാഴ്‌ചയില്ല. യുപിക്ക് രണ്ടും ഹൈസ്‌കൂളിൽ ആറും ശനിയാഴ്‌ച പ്രവൃത്തിദിനമാകും.
ആദ്യത്തെ രണ്ടാഴ്‌ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സൻമാർഗപാഠങ്ങൾക്കായി ഒരുമണിക്കൂർവീതം നീക്കിവെക്കും. ചൊവ്വാഴ്‌ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തോടെയാണ് തുടക്കം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ളാസുകളിൽ ഈവർഷം മുതൽ പുതിയ പാഠപുസ്‌തകങ്ങളാണ്. അച്ചടി പൂർത്തിയാവാത്തതിനാൽ സ്‌കൂൾ തുറക്കുമ്പോഴും പാഠപുസ്‌തകം എല്ലായിടത്തുമെത്തിയിട്ടില്ല.
Tech| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ