തിരുവനന്തപുരം: അവയവമാറ്റത്തിനായി വൃക്ക എത്തിച്ച പെട്ടി രണ്ടുപേർ ചേർന്ന് മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്ടറുടെ പക്കൽ നിന്ന് രണ്ടുപേർ പെട്ടി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടുമാണ് പരാതി നൽകിയത്.
5.30ഓടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രിക്ക് മുന്നിൽ എത്തിച്ചിരുന്നു. തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന് മുന്നിലേക്ക് രണ്ടുപേർ എത്തുകയും ഡോക്ടർമാരുടെ പക്കൽ നിന്ന് കോൾഡ് ബോക്സ് തട്ടിയെടുക്കുകയുമായിരുന്നു. ആശുപത്രിയിൽ അതിക്രമിച്ച് കയറിയ ഇവർ ഓപ്പറേഷന് തിയേറ്ററിന് മുന്നില് നിന്ന് വീഡിയോ എടുത്തെന്നും ആശുപത്രിക്ക് അപകീര്ത്തിയുണ്ടാക്കും വിധം പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയുടെ വഴികളും ചികിൽസാ മേഖലകളും അറിയാതിരുന്ന ഇവർ എട്ട് തിയേറ്ററുകളിൽ കയറിയിറങ്ങി. അടച്ചിട്ട ഒരു തിയേറ്ററിന്റെ മുന്നിലെത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും പരാതിയിൽ പറയുന്നു. ആരുടെയോ താൽപര്യ പ്രകാരം ആസൂത്രണം ചെയ്ത് നടത്തിയ പദ്ധതിയാണിതെന്നും ഈ ഹീനപ്രവർത്തിയുടെ ഉദ്ദേശം വെളിച്ചത്ത് കൊണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
Most Read: മെമ്മറി കാർഡ് പരിശോധന; നിലപാടറിയിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം








































