കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസിന്റെ വൻ ലഹരിവേട്ട. യുവതികളടക്കം എട്ടുപേർ പിടിയിലായി. പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നും മയക്കുമരുന്നുമായി സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കൊക്കെയ്ൻ എംഡിഎംഎ, എക്‌സ്‌റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്‌തുക്കൾ കണ്ടെടുത്തു.
ഇവന്റ് മാനേജ്‌മെന്റ് സ്‌ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ (ഷോൺ-44), കലൂർ സ്വദേശി ഓസ്‌റ്റിൻ ജോസ് (31), കലൂർ സ്വദേശി അഡ്വ. രോഹിത് നായർ (25), ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷൻ അക്‌ബർ ഷാ (30), പന്തളം സ്വദേശിനിയായ ദന്ത ഡോക്‌ടർ ബെൻസി റാവുത്തർ (29), ഫിസിയോ തെറപ്പിസ്‌റ്റായ കൊല്ലം സ്വദേശിനി സെയ്‌തലി ഫാത്തിമ (29), ഏവിയേഷൻ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു റെയ്‌ഡ്. ഹോട്ടലിൽ സ്‌ഥിരമായി മുറിയെടുത്ത് സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.34 ഗ്രാം കൊക്കെയ്‌നും 0.36 ഗ്രാം മെത്താഫിറ്റമിനും 0.44 ഗ്രാം എക്‌സ്‌റ്റസി പില്ലും കണ്ടെടുത്തു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































