തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീട്ടിൽ പരിശോധന. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഒരു കോടി രൂപയാണ് കേസിൽ ഇതുവരെ കണ്ടെടുത്തത്. ശേഷിക്കുന്ന തുക കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 20 പേർക്കായി പണം വീതിച്ച് നൽകിയെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നത്.
അതേസമയം, കേസിൽ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തൃശൂർ ജില്ല ഓഫിസ് സെക്രട്ടറി സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമരാജൻ ഉൾപ്പെട്ട സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്തുനൽകിയത് സതീഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.
Read also: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിലും കർശന നിയന്ത്രണം







































