തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്‌ഥാന നേതാക്കളിലേക്ക് നീളുന്നു. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും നാളെ (ഞായറാഴ്‌ച) അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂരിൽ വച്ചാണ് ചോദ്യം ചെയ്യല്‍.
ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. തൃശൂരിൽ ക്യാംപ് ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ ചോദ്യം ചെയ്യുക. 3.5 കോടി രൂപയുടെ കള്ളപ്പണം കവർച്ച ചെയ്യപ്പെട്ട കേസിലാണ് നടപടി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണ് ഇതെന്നാണ് ആരോപണം.
അതേസമയം, കാറിൽ ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവർ പോലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് ഇവരെ തൃശൂരിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണസംഘം സൂചന നൽകിയിട്ടുണ്ട്.
ഏപ്രിൽ 3നാണ് കൊടകരയിൽ കവർച്ച നടന്നത്. വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആയിരുന്നു ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിനെതിരേ കൊടകര പോലീസിന് നൽകിയ പരാതി. എന്നാൽ, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി വ്യക്‌തമായത്. 19 പ്രതികളില്‍ നിന്നായി ഒരുകോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും രേഖകളൊന്നും ഹാജരാക്കിയില്ല. പരാതിയിൽ പറഞ്ഞതിലും കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. പണത്തിന്റെ ഉറവിടമറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
പണം കർണാടകയിൽ നിന്ന് എത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ധർമരാജിനെയും സുനിൽ നായിക്കിനെയും ചോദ്യം ചെയ്‌തത്. കാറിൽ മൂന്നരക്കോടി ഉണ്ടായിരുന്ന കാര്യം ഇരുവരും സമ്മതിച്ചു. രേഖകൾ ഇല്ലാത്തതിനാലാണ് പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞതെന്നായിരുന്നു ധർമരാജിന്റെ വിശദീകരണം. എന്നാൽ, പണം ആർക്ക് കൊടുക്കാനാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
പണം കൊടുത്തുവിട്ട ആളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, കള്ളപ്പണമാണെന്ന് സ്‌ഥിരീകരിച്ചതോടെ കേസ് എൻഫോഴ്‌സ്‌മെന്റിന് കൈമാറാൻ നിയമോപദേശം തേടിയിട്ടുണ്ട്.
Most Read: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ







































