ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ സംസ്‌ഥാന സർക്കാർ. 2021 ജനുവരി മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഇതോടെ കേസിൽ അറസ്‌റ്റിലായ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് നിഗമനം. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് എസ്ഐടി ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കുമെന്ന് ബംഗാൾ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്ന സിബിഐ, സന്ദീപ് ഘോഷിനെ തുടർച്ചയായി നാല് ദിവസമാണ് ചോദ്യം ചെയ്‌തത്. ഇതിന് പിന്നാലെയാണ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ കൂടി ബംഗാൾ സർക്കാർ അന്വേഷിക്കുന്നത്. അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം വേണമെന്ന ആവശ്യത്തിൽ ഡോക്‌ടർമാരുടെ പ്രതിഷേധം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്.
കൊൽക്കത്തയിൽ പ്രക്ഷോഭങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിൽ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിക്കും. ബംഗാളിലെ ക്രമസമാധാനനില ഗവർണർ ഇരുവരെയും ധരിപ്പിക്കും. അതിനിടെ, വിഷയത്തിൽ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹരജി ഇന്ന് പരിഗണിക്കും.
അതിനിടെ, ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്‌ജയ് റോയിയുടെ നുണപരിശോധന നടത്താൻ സിബിഐ നടപടി തുടങ്ങി. തിങ്കളാഴ്‌ചയാണ് നുണപരിശോധന നടത്താൻ സിബിഐക്ക് അനുമതി ലഭിച്ചത്. കേസിലെ പ്രതിയുടെ പങ്കാളിത്തം കൂടുതൽ അറിയാൻ നുണ പരിശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം