കാസർഗോഡ്: കോവിഡ് രോഗത്തിന് വ്യാജ ചികിൽസ നടത്തിയ ആളെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് (36) അറസ്‌റ്റിലായത്. നാല് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദമാക്കി തരാമെന്ന് പറഞ്ഞാണ് ഇയാൾ വ്യാജ ചികിൽസ നടത്തിയിരുന്നത്.
ഉത്തർപ്രദേശ് മോഡൽ ചികിൽസ എന്ന പേരിലാണ് വ്യാജമായ മരുന്നുകളും ഇയാൾ നൽകിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. എടി മനോജിന്റെ നിർദ്ദേശപ്രകാരമാണ് ഉപ്പളയിലെ വ്യാജ ചികിൽസാ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇവിടെ കോവിഡ് വ്യാജ ചികിൽസ നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഐടിഐ മാത്രം പാസായ വിനീത പ്രസാദ് യുപി മോഡൽ ചികിൽസ എന്ന ബാനറും കേന്ദ്രത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Also: നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം