കൽപ്പറ്റ: വിവാദ പരാമർശത്തിന് പിന്നാലെ കെപി മധുവിനെ ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല പ്രശാന്ത് മലവയലിന് കൈമാറി. പുൽപ്പള്ളി സംഘഷത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ ഏകപക്ഷീയമായാണ് പോലീസ് കേസെടുത്തതെന്നും ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു കെപി മധുവിന്റെ വിവാദ പ്രസ്താവന.
മധുവിന്റെ പരാമർശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ മധു തിരുത്തുമായി രംഗത്ത് വന്നെങ്കിലും കനത്ത പ്രതിഷേധത്തിന് ഒടുവിലാണ് തിരഞ്ഞെടുപ്പ് കൂടി അടുത്തുനിൽക്കേ സംസ്ഥാന നേതൃത്വത്തിന്റെ നടപടി. വിഷയത്തിൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വം മധുവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
‘ആളുകൾ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്ത് കേസെടുത്തു. ഇതൊരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സർവകക്ഷി യോഗത്തിലെ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ, പിടിക്കെടാ അവരെ, തല്ലെടാ എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ട് വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിനു ശേഷമാണ് സംഘർഷവും കല്ലേറുമൊക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരിൽ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അതിനെ ഒരുകാരണവശാലും ബിജെപി അംഗീകരിക്കില്ല’- ഇതായിരുന്നു കെപി മധുവിന്റെ വിവാദ പരാമർശം.
Most Read| സെൻസർ ബോർഡ് ചട്ടത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര സർക്കാർ
































