കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ചുമതലയിൽ നിന്നും അവരെ മാറ്റി.
മഹാത്‌മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് നടപടി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പാക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുമായി ആലോചിച്ചു സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി എം ലിജുവാണ് ജില്ലാ നേതൃയോഗത്തിൽ തീരുമാനം അറിയിച്ചത്.
ജില്ലയിലെ പ്രമുഖ നേതാക്കളുടെ അസംബ്ളി മണ്ഡലങ്ങളിൽ ഉള്ളവരാണ് നടപടിക്ക് വിധേയരായത്. ഇന്നലെ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാത്ത ഡിസിസി ഭാരവാഹികൾ, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ എന്നിവരോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകി.
വിട്ടുനിന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ ഡിസിസി പ്രസിഡണ്ടിന് വിശദീകരണം നൽകണം. ഇത്രയും നേതാക്കൾക്കെതിരെ ഒരുമിച്ച് സംഘടനാ നടപടി വരുന്നത് ആദ്യമാണ്. 14 ജില്ലകളിലും കെപിസിസി ജില്ലാതല നേതൃയോഗങ്ങൾ നടത്തിവരികയാണ്. ബ്ളോക്ക് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എല്ലാ ജില്ലയിലും എത്തിച്ചേരും.
Most Read| അവകാശ ലംഘനം, വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ