കോഴിക്കോട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു.
ഉന്നയിച്ച ആരോപണങ്ങളും അതിന് അടിസ്ഥാനമായ വിശദാംശങ്ങളും അടങ്ങുന്ന ദീർഘമായ ഇമെയിൽ ഫിനാൻസ് മിനിസ്റ്റർ നിർമല സീതാരാമനും കോപ്പികൾ സഹമന്ത്രിമാർക്കും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ഇന്നലെ നൽകിയിട്ടുണ്ട്. ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് ആരംഭിച്ച അന്വേഷണം ശരിയായ ദിശയിലല്ല എന്നും ഇഡിയുടെ അന്വേഷണം അത്യാവശ്യമാണെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
“ചട്ടലംഘനങ്ങൾ മാത്രമല്ല കെഎസ്എഫ്ഇ യിൽ നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും കള്ളപ്പണ ഇടപാടും നിക്ഷേപവും ഉൾപ്പടെ നിരവധി സാമ്പത്തിക ക്രൈമുകളുടെ ആസ്ഥാനമാണ് കെഎസ്എഫ്ഇ. ഈ ആരോപണം അടിസ്ഥാനമുള്ളതാണ് എന്ന് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്” എന്നാണ് സുരേന്ദ്രൻ സ്ഥാപിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ പലയിടത്തും പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി അന്വേഷണം തുടരാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുമുണ്ട്. സാധാരണ ഇത്തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈ റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവി പരിശോധിച്ച് അനുമതി നല്കിയാല് കേസ് രജിസ്റ്റർ ചെയ്യുകയുമാണ് പതിവ്. ഈ പതിവ് രീതിക്കുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
അന്വേഷണം തടസപ്പെടുത്തിയാല്‍ അത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ തുടരന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ പാലിച്ച് അന്വേഷണം തുടരാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതുവരെയുള്ള നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് ഇന്നലെ വിജിലന്‍സിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
വിജിലന്‍സിന്റെ കൈയിലുള്ള പല രേഖകളും നിര്‍ണായകമാണ്. ഈ രേഖകള്‍
ചോര്‍ന്നാല്‍ അവ പ്രതിപക്ഷങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കും. അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്താവരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും വിജിലന്‍സിലെ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ വഴി രേഖകള്‍ ചോരുമോ എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന വലിയ തലവേദന.
ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദം ഫലം കാണുകയും ഇഡി ഇടപെടുകയും ചെയ്താൽ അത് ‘രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരലാകും‘ എന്ന സുരേന്ദ്രന്റെ വാക്കുകളെ സംബന്ധിച്ചു ചോദിച്ചപ്പോള്‍; ‘സുരേന്ദ്രന്റെ പല ആരോപണങ്ങളും പോലെ ഇതും ആവിയായിപ്പോകും‘ എന്നാണ് കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് പറയുന്നത്.
Most Read: നൂറു ശതമാനം ഫലപ്രദം; വാക്സിൻ ഉപയോഗത്തിന് അനുമതി തേടാൻ മൊഡേണ