തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകൾ.
കോവിഡ് പ്രതിസന്ധി മൂലം സ്‌ഥിരയാത്രക്കാർ പോലും പൊതുഗതാഗതം ഉപേക്ഷിച്ച മട്ടാണ്. ടിക്കറ്റ് നിരക്ക് കുറക്കുന്നതിലൂടെ പടി പടിയായി ഇവരെ തിരിച്ച് കൊണ്ടുവരാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർ ക്‌ളാസ് ബസുകളിലെ നിരക്ക് 25 ശതമാനം കുറച്ചിരുന്നു. ഇത് ഫലം കണ്ടതോടെ കഴിഞ്ഞ ആഴ്‌ച ഓർഡിനറി ബസുകളും ടിക്കറ്റ് നിരക്ക് കുറച്ചു. ഇത് കാരണം യാത്രക്കാരുടെ എണ്ണം കൂടിയെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക നിഗമനം.
ജനുവരി 1 മുതൽ സർവീസുകൾ പൂർണതോതിൽ ആരംഭിക്കുമ്പോൾ കോവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്ക് പൂർണമായും ഒഴിവാക്കണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടും. സ്വകാര്യ ബസുടമകൾ കെഎസ്ആർടിസിയുടെ അഭിപ്രായം പൂർണമായും തള്ളിയിരിക്കുകയാണ്.
കോവിഡ് കാരണം നിർത്തി വെച്ച ബസ് സർവീസുകൾ ആഗസ്‌റ്റ് മുതൽ പുനരാരംഭിച്ചപ്പോഴാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. മിനിമം നിരക്ക് 8 രൂപയായി നിലനിർത്തിയെങ്കിലും കിലോമീറ്ററിന് 25 ശതമാനം വരെ വർധനവുണ്ടായിരുന്നു. ഇത് ഒഴിവാക്കണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടാലും സർക്കാരിന്റെ അന്തിമ തീരുമാനം ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും.
Also Read: രാജുവിന് നാട്ടുകാരുടെ സ്‌നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ







































