തിരുവനന്തപുരം: കേരളത്തിൽ കുറുവ സംഘം എത്തിയെന്ന് സ്‌ഥിരീകരിച്ചു. പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്‌ഠൻ മോഷ്‌ടാവ് ആണെന്നതിൽ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്‌ചാത്തലം പോലീസ് പരിശോധിക്കുകയാണ്.
സന്തോഷിനെതിരെ തമിഴ്‌നാട്ടിൽ 18 കേസുകളുണ്ട്. കേരളത്തിൽ എട്ട് കേസുകളും. തമിഴ്‌നാട്ടിൽ മൂന്ന് മാസം ജയിലിലായിരുന്നു. കേരള പോലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്‌നാട് പോലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്.
മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ നെഞ്ചിൽ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലീസ് നൽകിയ കുറുവ സംഘത്തിലെ ക്രിമിനലുകളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളിന്റെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊൻകുന്നം എന്നിവിടങ്ങളിൽ സന്തോഷിനെതിരെ കേസുണ്ട്.
കുട്ടവഞ്ചിയിൽ മീൻപിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം പല സ്‌ഥലങ്ങളിലും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. 14 പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നുപേരെയാണ് പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. മോഷണത്തിന് പോകുമ്പോൾ കുറുവ സംഘം മൊബൈൽ ഉപയോഗിക്കാറില്ല.
കുറുവ സംഘം ശബരിമല സീസണിൽ സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞു. നിരവധി ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. പോലീസിന് എല്ലാവരെയും തടഞ്ഞുനിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്‌തമാണെന്ന് പോലീസ് പറയുന്നു. ഇവർ പകൽ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കിവെക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും മോഷണത്തിനായി കണ്ടുവെക്കും. വലിയ വീടുകൾ ലക്ഷ്യംവെക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്നും പോലീസ് പറയുന്നു. രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി ക്യാമറകൾ സംഘം കാര്യമാക്കാറില്ല. അമിത് ആൽമവിശ്വാസത്തിലാണ് പ്രവർത്തനമെന്നും ഡിവൈഎസ്‌പി വ്യക്‌തമാക്കി.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി