കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ കടുത്ത നടപടിയുമായി കുവൈത്ത് ഭരണകൂടം. പരിശോധനയിൽ 67 പേർ പിടിയിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ സ്‌ത്രീകളുമുണ്ട്. പത്ത് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്‌തമായാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. വ്യാജ മദ്യദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിൽ (31) ഉൾപ്പടെ 13 പേരാണ് മരിച്ചത്.
5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 63 പേർ ചികിൽസ തേടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. ഇവരിൽ 21 പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. ചികിൽസയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
ജിലീബ് അൽ ഷുയൂഖ് ബ്ളോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്‌മദിയ, ഫർവാനിയ ഗവർണറേറ്റുകളിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. ഒരേ സ്‌ഥലത്ത് നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ഞായറാഴ്‌ച മുതലാണ് ചികിൽസ തേടി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. ലേബർ ക്യാമ്പുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തം.
Most Read| സമാധാനം പുലരുമോ? ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്‌ച തിങ്കളാഴ്‌ച