കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും സഹോദരനാണ് ശൈഖ് മിശ്അൽ. ശൈഖ് മിശ്അൽ അൽ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്ചയിച്ച വിവരം ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കിരീടാവകാശിയായി അദ്ദേഹം വ്യാഴാഴ്ച പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും.
നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്അൽ 1967-1980 കാലഘട്ടത്തിൽ ജനറൽ ഇന്വെസ്റ്റിഗേഷന് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്. 1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഓണററി പ്രസിഡണ്ടും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിൽ ഒരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ സബാഹ്.







































