പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്‌ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. ശക്‌തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. രണ്ടു മണിക്കൂറോളം നിർത്താതെ മഴ പെയ്‌തു.
ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്. മഴ വെള്ളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതുമായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. അതേസമയം, ദാന ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും ശക്‌തമായ മഴ തുടരുകയാണ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ടാണ്.
Most Read| ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ഷാനിബ്; പി സരിന് പിന്തുണ പ്രഖ്യാപിച്ചു