ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ, ‘ഓപ്പറേഷൻ സിന്ദൂർ’ തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ കമാൻഡർ ഹാഫിസ് അബ്‌ദുൽ റൗഫ്. ഇന്ത്യയുടെ ദൗത്യം ലക്ഷ്യം കണ്ടുവെന്നതിന്റെ ഏറ്റവും വ്യക്‌തമായ സ്‌ഥിരീകരണമാണിത്.
മേയ് 6, 7 തീയതികളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്‌ഥാനിലെ മുദ്‌രികെയിലുള്ള ലഷ്‌കർ ആസ്‌ഥാനമായ മർകസ്-ഇ-ത്വയിബ പൂർണമായും തകർന്നെന്ന് യുഎസ് രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള റൗഫ് വെളിപ്പെടുത്തിയെന്നാണ് എൻഡിടിവി റിപ്പോർട് ചെയ്‌തത്.
പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ പാക്ക് അധീന കശ്‌മീരിലെ ലോഞ്ച് പാഡുകളിൽ നിന്ന് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഇന്ത്യയിലേക്ക് അയക്കുന്നതിനും നേതൃത്വം നൽകിയിരുന്നത് ഹാഫിസ് അബ്‌ദുൽ റൗഫായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയത്.
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പാക്കിസ്‌ഥാനും ലഷ്‌കറും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായി ഹാഫിസ് പരസ്യമായി സമ്മതിച്ചു. പാക്കിസ്‌ഥാനിൽ ജിഹാദിന് തുറന്ന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ലോകത്ത് എവിടെയുമുള്ളതിനേക്കാൾ എളുപ്പത്തിൽ ഇവിടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും കഴിയുമെന്നും റൗഫ് അവകാശപ്പെട്ടു.
സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് നമുക്കിത് ചെയ്യാൻ കഴിയുന്നതെന്ന് കൂടി ഹാഫിസ് പറഞ്ഞതിലൂടെ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദമാണ് അംഗീകരിപ്പെടുന്നത്. അതിനിടെ, പാക്ക് ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് വ്യക്‌തമാക്കി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
ഇന്ത്യ-പാക്ക് സംഘർഷത്തിന്റെ സമയത്ത് ചൈന പാക്കിസ്‌ഥാനെ സഹായിച്ചതായും റൗഫ് പറഞ്ഞു. ചൈനീസ് പിന്തുണ പാക്കിസ്‌ഥാന് ഇന്ത്യയെക്കുറിച്ചുള്ള തൽസമയ വിവരങ്ങൾ നൽകിയെന്നും ഹാഫിസ് പറഞ്ഞു. ഇന്ത്യ തകർത്ത മർകസ്-ഇ-ത്വയിബ കോംപ്ളക്‌സിൽ പുതുതായി പരിശീലനം ലഭിച്ച തീവ്രവാദികളുടെ പാസിങ് ഔട്ട് ചടങ്ങ് നടന്നിരുന്നു. ഈ പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ഹാഫിസ് പറഞ്ഞത്.
Most Read| ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം







































