ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പലവട്ടം നീട്ടിവച്ച കേസ് ഇന്ന് സുപ്രീം കോടതിയിൽ വന്നപ്പോൾ ആണ് വീണ്ടും നീട്ടുവച്ചുള്ള കോടതി നടപടി.
ലാവലിൻ കേസിൽ അധികരേഖകൾ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സിബിഐ കേസ് നീട്ടുന്നത്.
പിണറായി വിജയനുൾപ്പെടെ ഉള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് മൂന്ന് പ്രതികൾ നൽകിയ ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Also Read: നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷൻ; സ്‌പ്രിങ്ക്ളർ റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ
ലാവലിൻ കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ 2017-ലാണ് ഹൈക്കോടതി കുറ്റവിമുക്‌തരാക്കിയത്. ഹൈക്കോടതി വിധിയിൽ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും ലാവലിൻ കേസിലെ പ്രതിപ്പട്ടികയിൽ തുടരുന്ന കസ്‌തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.