ന്യൂഡെൽഹി: കർഷക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വയോധികയെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത ബോളിവുഡ് നടി കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്. ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) അംഗം ജസ്മൈൻ സിംഗ് നോനിയാണ് കങ്കണക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
കർഷക സമരവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിനെതിരെ ഇത് രണ്ടാം തവണയാണ് കങ്കണക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വയോധികയെ ഷഹീൻബാഗ് ദാദിയെന്ന് തെറ്റിദ്ധരിച്ചാണ് കങ്കണ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.
100 രൂപ കൊടുത്താൽ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ കങ്കണ പങ്കുവെച്ച ചിത്രം മറ്റൊരു വയോധികയുടേതായിരുന്നു. സംഭവം വിവാദമായതോടെ കങ്കണ ട്വീറ്റ് ഡിലീറ്റ് ചെയ്തു. സമരത്തിൽ പങ്കെടുത്ത ബത്തീന്ദയിൽ നിന്നുള്ള മഹീന്ദർകൗർ എന്ന സ്ത്രീയുടെ ചിത്രമാണ് കങ്കണ ദാദിയെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. തന്റെ വീടും പരിസരവും നേരത്തെ മഹാരാഷ്ട്ര സർക്കാർ പൊളിച്ചുമാറ്റിയപ്പോൾ, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് പറഞ്ഞ് ആരാധകരിൽ നിന്ന് പിന്തുണ നേടാൻ കങ്കണ സമൂഹമാദ്ധ്യമം ഉപയോഗിച്ചുവെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കർഷകരും ഈ അവകാശത്തിന്റെ ഭാഗമാണ്. അവരെ അപമാനിക്കാൻ ആർക്കും അവകാശമില്ല, നോട്ടീസിൽ പറയുന്നു.
Read also: ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്








































