ബത്തേരി: മേപ്പാടി അരപ്പറ്റ നല്ലന്നൂരിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് ആറുദിവസം മുമ്പ് സ്‌ഥാപിച്ച കൂട്ടിലാണ് ആറുവയസുള്ള ആൺ പുലി കുടുങ്ങിയത്. തുടർന്ന് പുലിയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പുലി പൂർണ ആരോഗ്യവാനാണെന്ന് പരിശോധനയിൽ സ്‌ഥിരീകരിച്ചതോടെയാണ് ഉൾവനത്തിൽ തുറന്നുവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. തുടർന്ന് ഇന്ന് രാവിലെയാണ് പുലിയെ തുറന്നുവിട്ടത്. നല്ലന്നൂരിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്.
ഒട്ടേറെ വളർത്തു മൃഗങ്ങളെ പുലി കൊന്നു. പുലി കുറുകെ ചാടിയതിനെ തുടർന്ന് ജൂലൈ 15ന് നല്ലന്നൂരിലെ വ്യാപാരി പുളിക്കായത്ത് ജോസിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. ഒന്നിലധികം പുലികൾ പ്രദേശത്ത് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ