കോഴിക്കോട്: മൽസ്യബന്ധന മേഖലയിൽ വലിയ ആശങ്കകൾ വിതച്ച് ബോട്ടുകളുടെ ലൈസൻസ് പുതുക്കൽ. 15 വർഷം കഴിഞ്ഞ സ്‌റ്റീൽ ബോട്ടുകൾക്കും 12 വർഷം കഴിഞ്ഞ മരം, ഫൈബർ ബോട്ടുകൾക്കും കഴിഞ്ഞ മാസം മുതൽ ലൈസൻസ് പുതുക്കി നൽകാത്തതാണ് മൽസ്യത്തൊഴിലാളികളെ വൻ പ്രതിസന്ധിയിലാക്കുന്നത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് ഫിഷറീസ് വകുപ്പ് വ്യക്‌തമാക്കുന്നത്.
കോഴിക്കോട് ജില്ലയിൽ 1250ഓളം സ്‌റ്റീൽ ബോട്ടുകളും അഞ്ഞൂറിലധികം മരബോട്ടുകളുമുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ബോട്ടുകൾ പത്തോ പതിനഞ്ചോ വർഷം കാലപ്പഴക്കം ഉള്ളതാണ്. പുതിയ നിർദ്ദേശം നടപ്പിൽ വന്നതോടെ നൂറുകണക്കിന് ബോട്ടുകൾ മീൻപിടിത്തത്തിന് പോകാൻ കഴിയാതെ പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചോമ്പാല തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്നത്.
മേഖലയെ തകർക്കുന്ന ഈ നിർദ്ദേശം പിൻവലിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രിയെയും കാണുമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് കരിച്ചാലി പ്രേമൻ വ്യക്‌തമാക്കി. അല്ലാത്തപക്ഷം സമരത്തിന് ഇറങ്ങാനാണ് ഇവരുടെ തീരുമാനം.
Read also: ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന







































