കരളും വൃക്കയും ചെറുപ്രായത്തിൽ മാറ്റിവെയ്‌ക്കേണ്ടി വരുന്ന ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തി ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിൻ.
തമിഴ്‌നാട്ടിലെ സ്‌മൈൽ സെന്റ് ആന്റണി മെട്രിക് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 93% മാർക്ക് വാങ്ങി സ്‌കൂൾ ടോപ്പർ ആയാണ് ഈ മിടുക്കൻ പാസായത്. റിസൾട്ട് അറിഞ്ഞ ഉടനെ തന്നെ ചികിൽസിച്ച ഡോക്‌ടർമാരെ വിളിച്ച് ആ സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു റൂബിൻ.
ഡോക്‌ടർമാർ കാണണമെന്ന് പറഞ്ഞപ്പോൾ വൈകാതെ തന്നെ മാതാപിതാക്കൾക്കൊപ്പം എറണാകുളം ലിസി ആശുപത്രിയിൽ എത്തിയ റൂബിന് ലിസി ട്രാൻസ്‌പളാന്റ് ടീമും മാനേജ്‌മെന്റും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.
തമിഴ്‌നാട്ടിലെ നീലഗിരിയിലെ നിർധന കുടുംബത്തിലെ അംഗങ്ങളായ രമേഷിനും വിജിലക്കും റൂബിന്റെ അസുഖം തീരാവേദനയായിരുന്നു. റൂബിന്റെ ജീവൻ നിലനിർത്താനുള്ള സാധ്യത തേടിയാണ് ഈ കുടുംബം എറണാകുളം ലിസി ആശുപത്രിയിൽ എത്തിയത്. വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ച് ഡയാലിസിസ് നടത്തുന്ന അവസ്‌ഥയിലായിരുന്നു റൂബിൻ. പ്രൈമറി ഹൈപ്പറോക്‌സലൂറിയ എന്ന അപൂർവ ജനിതകരോഗമായിരുന്നു റൂബിന്.

കരളും വൃക്കയും മാറ്റിവയ്‌ക്കുക എന്നതായിരുന്നു ഈ അസുഖത്തിനുള്ള ചികിൽസ. പഠനം പൂർണമായും തടസപ്പെട്ട് രോഗവുമായി പോരാടി വളരെ മോശം അവസ്‌ഥയിലായിരുന്നു റൂബിൻ. 2023 ഫെബ്രുവരി 24നായിരുന്നു റൂബിന്റെ കരൾമാറ്റ ശസ്‌ത്രക്രിയ. ഡോ. ബി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഡോ. ഷാജി പൊന്നമ്പത്തായിൽ, ഡോ. രാജീവ് കടുങ്ങപുരം, ഡോ. വിഷ്‌ണുദാസ് കെആർ, ഡോ. പ്രമിൽ കെ, ഡോ. ലിജേഷ് കുമാർ, ഡോ. വിഷ്‌ണു എകെ, എന്നിവർ ചേർന്നാണ് ശസ്‌ത്രക്രിയ നടത്തിയത്.
തുടർന്ന് 3 മാസത്തിന് ശേഷം ഡോ. ബാബു ഫ്രാൻസീസ്, ഡോ. വിജു ജോർജ്ജ്, ഡോ. ജോസ് പി പോൾ, ഡോ. ദാമോദരൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ കിഡ്‌നി ട്രാൻസ്‌പളാന്റും നടത്തി. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനം ചെയ്‌തത്.

പഠന വഴിയിലേക്ക് തിരികെയെത്താൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും തന്നെ ചികിൽസിച്ച് ഭേദമാക്കിയ ഡോക്‌ടർമാരെപോലെ ഒരു ഡോക്‌ടറായി മാറണം എന്നാണ് തന്റെ ആഗ്രഹമെന്നും റൂബിൻ സ്വീകരണ ചടങ്ങിൽ പറഞ്ഞു. ഈ ആഗ്രഹം സഫലമാക്കാനുള്ള എല്ലാ സഹായവും റൂബിന് നൽകുമെന്ന് ഡോക്‌ടർമാരും ഉറപ്പ് നൽകി. തുടർ പഠനത്തിനായി ഒരു ലാപ്പ്‌ടോപ്പും സമ്മാനമായി നൽകിയാണ് ഇവർ റൂബിനെ യാത്രയാക്കിയത്.
ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്‌ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്‌ടർമാരായ ഫാ.റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്‌ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി






































