കോഴിക്കോട്: എല്‍ജെഡിയുടെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. ലയനം സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജനതാദള്‍ സെക്യുലറില്‍ (ജെഡിഎസ്) ലയിക്കണോ അതോ സമാജ്വാദി പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച തീരുമാനമായിരിക്കും ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളുക.
രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായതോടെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ചേരാനുള്ള ഒരുക്കത്തിലാണ് എല്‍ജെഡി. എച്ച്ഡി ദേവഗൗഡ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എല്‍ജെഡി നേതൃത്വം ലയന സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ലയനശേഷം സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന ആവശ്യം ജെഡിഎസ് തള്ളുകയായിരുന്നു.
എന്നാല്‍ എല്‍ജെഡിയിലെ യുവജന നേതാക്കളടങ്ങുന്ന ഒരു വിഭാഗം ജെഡിഎസുമായുള്ള ലയനത്തെ ശക്തമായി എതിർക്കുന്നുണ്ട്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപിയോട് കാണിച്ച മൃദുസമീപനമാണ് ഈ എതിർപ്പിന് കാരണം. സമാജ്വാദി പാർട്ടിയോടൊപ്പം ചേരണമെന്നാണ് ഇവരുടെ ആവശ്യം.
Read Also: മൂന്ന് ജില്ലകളിൽ കെ-റെയിൽ സാമൂഹികാഘാത പഠനം നിർത്തിവച്ചു








































