ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടുമണിക്ക് തന്നെ രാജ്യത്തെ എല്ലായിടത്തും വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, വീട്ടിലിരുന്ന് വോട്ട് ചെയ്തവർ ഉൾപ്പടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം ഉപയോഗിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടുകൾ എണ്ണുന്നത്. രാജ്യം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്.
രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും സർവേകൾ പ്രവചിക്കുന്നു. ഇന്ത്യ സഖ്യം 200 കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നും സർവേകൾ പ്രവചിക്കുന്നു.
തെക്കേ ഇന്ത്യയിൽ മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സർവേകൾ പ്രവചിക്കുന്നു. ഇതോടെ, 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിനിറങ്ങിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നാം വട്ടവും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ ക്യാമ്പുകൾ.
എന്നാൽ, എക്സിറ്റ് പോളുകൾ പൂർണമായും ഇന്ത്യ സഖ്യം തള്ളി. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കും എന്നാണ് ഇന്ത്യ പാർട്ടി നേതാക്കളുടെ പ്രതികരണം. വോട്ടെണ്ണലിൽ ചില അട്ടിമറി സാധ്യതയും ഇന്ത്യ സഖ്യം ഭയക്കുന്നുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!








































