തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്‌റ്റൽ ബാലറ്റുകളാണ്. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ ആദ്യചിത്രം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തൽസമയം ഫലം അറിയാനാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം http://results.eci.gov.in എന്ന വെബ്സൈറ്റ് വഴി തൽസമയം ലഭിക്കും. സംസ്‌ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്‌ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്‌ളേ ബോർഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.
ഓരോ അസംബ്ളി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഓരോ ഹാൾ ഉണ്ടായിരിക്കും. ഓരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്‌ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ആഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്‌റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്‌ക്ക് ചുറ്റുമുണ്ടാകും. വോട്ടെണ്ണലിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സർവരുടെ ഡ്യൂട്ടി.
വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്‌ട്രോങ് റൂമുകൾ തുറക്കും. റിട്ടേണിങ് ഓഫീസർ, അസി. റിട്ടേണിങ് ഓഫീസർ, സ്‌ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറക്കുക. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും പോസ്‌റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താകും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ വടകര മണ്ഡലത്തിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് റൂറൽ എസ്‌പി അരവിന്ദ് സുകുമാർ അറിയിച്ചു. ജില്ലയിലെ ബറ്റാലിയനിൽ നിന്നുള്ള ആറ് കമ്പനി സേന ഉൾപ്പടെ 1600 പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിധിയെഴുത്ത് എന്തെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികൾ. ഈ രാത്രി കൂടി കഴിഞ്ഞാൽ ഇന്ത്യ ആര് ഭരിക്കുമെന്ന് നമുക്ക് അറിയാം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!