ലൊസാഞ്ചലസ്: മാരകമായ രണ്ട് കാട്ടുതീകളുടെ ദുരിതം വിട്ടൊഴിയും മുൻപ് യുഎസിൽ ആശങ്കയുയർത്തി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ പടർന്നുപിടിക്കുന്നത്. അതിവേഗത്തിൽ വ്യാപിക്കുന്ന കാട്ടുതീയിൽ നിന്ന് രക്ഷനേടാനായി പതിനായിരക്കണക്കിന് ആളുകളോട് വീടുകൾ ഒഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹെലികോപ്‌ടറുകളും വിമാനങ്ങളും അഗ്‌നിശമന സേനയും തീയണയ്‌ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണ് ലൊസാഞ്ചലസിൽ നിലവിലുള്ളതെന്ന് കാലാവസ്‌ഥാ വിദഗ്‌ധൻ ഡാനിയേൽ സ്വെയ്ൻ പറഞ്ഞു. കാസ്‌റ്റൈക് തടാകത്തിന് സമീപം കുന്നുകളിൽ ഭീമൻ തീജ്വാലകൾ പടരുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 8000 ഏക്കറിലെ പ്രദേശത്താണ് തീ വ്യാപിച്ചത്.
ശക്‌തവും വരണ്ടതുമായ സാന്റ അനാ കാറ്റുകൾ പ്രദേശത്ത് വീശിയടിക്കുന്നതാണ് തീ ആളിപ്പടരാൻ കാരണം. വൻതോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പുറത്തുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റർ വടക്കുഭാഗത്തെ തടാകത്തിന് ചുറ്റിലെയും 31,000 പേർക്ക് വീടൊഴിയാൻ നിർദ്ദേശം നൽകി. സാന്റ ക്ളാരിറ്റ നഗരത്തിന് അടുത്താണ് ഈ തടാകം. പ്രദേശവാസികൾക്ക് അടിയന്തിര മുന്നറിയിപ്പുകൾ ലഭിച്ചു.
കാട്ടുതീ ബാധിച്ച പ്രദേശത്തുള്ള എല്ലാവരും ഉടനെ ഒഴിയണമെന്ന് ലൊസാഞ്ചലസ് പ്രവിശ്യാ മേധാവി റോബർട്ട് ജെൻസൺ ആവശ്യപ്പെട്ടു. ആളുകളോട് വീടുവിട്ട് പോകാൻ പോലീസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ സംപ്രേഷണം ചെയ്‌തു. ജയിലിലുള്ള 500 തടവുകാരെ മറ്റൊരു സ്‌ഥാപനത്തിലേക്ക് മാറ്റി. നേരത്തേയുണ്ടായ തീപിടിത്തങ്ങളിൽ വലിയ നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ഇരുപതിലേറെപ്പേർ മരിക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിക്കുകയും ചെയ്‌തു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും