വാഷിങ്ടൻ: ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ തീപിടിത്തമാണ് ലൊസാഞ്ചലസിലേതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്‌ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്‌ഥിതിഗതികൾ വിലയിരുത്തി.
കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാദുരന്തമായി പ്രഖ്യാപിച്ചു. 30,000 ഏക്കറോളം ഭൂമി തീപിടിത്തത്തിൽ കത്തിനശിച്ചു. കാലിഫോർണിയയിലെ ആറിടത്താണ് തീ പടർന്നു പിടിച്ചത്. സാന്റാമോണിക്കയ്‌ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്‌ക്കാനായില്ല.
സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലായിരുന്നു രണ്ടാമത്തെ തീപിടിത്തമുണ്ടായത്. മേഖലയിൽ 10,600ലധികം ഏക്കറിൽ തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. അഞ്ചുപേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്‌ടം 50 ബില്യൺ ഡോളറിലധികമെന്നാണ് അനുമാനം.
സാൻ ഫെർണാണ്ടോയുടെ വടക്ക് ഹർസ്‌റ്റ് മേഖലയിലും വലിയ തീപിടിത്തമാണ് ഉണ്ടായത്. 850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്‌ളി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപിടത്തമാണ് അഞ്ചാമത്തേത്. ആക്‌ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപിടിത്തം ഉണ്ടായി.
ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട തീപിടിത്തമാണ് ഏറ്റവും ഒടുവിലത്തേത്. സെലിബ്രിറ്റികളുടെ അടക്കം വാസ സ്‌ഥലങ്ങൾ ഇവിടെ അപകട മേഖലയിലാണ്. പല താരങ്ങളുടെയും വീടുകൾ കത്തിനശിച്ചു. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീക്ക് പിന്നിൽ. തീ അണയ്‌ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലൊസാഞ്ചലസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാണ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും