തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്‌ഥാനത്തിലാണ് തുക കൈമാറിയത്.
ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപ വീതമാണ് നൽകുക. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്‌ടർ ജോയ് ഷഡാനന്ദൻ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അജിത് കൊളശ്ശേരിക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തിൽ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബത്തിനും എംഎ യൂസഫലി അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരുടെ വിവരങ്ങൾ നോർക്ക ലഭ്യമാക്കുന്നതിന് അനുസരിച്ചു ബാക്കിയുള്ള തുകയും നോർക്കയ്‌ക്ക് ഉടൻ കൈമാറും. കഴിഞ്ഞ മാസം 12ന് പുലർച്ചെയാണ് തെക്കൻ കുവൈത്തിലെ മംഗഫിൽ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിന് തീപിടിച്ചത്.
46 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. ഇതിൽ 24 പേർ മലയാളികളായിരുന്നു. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് കുവൈത്ത് സർക്കാരിന് പുറമെ, കേന്ദ്ര, സംസ്‌ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ജീവനക്കാർ ജോലി ചെയ്‌തിരുന്ന എൻബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Most Read| ഇന്ത്യൻ താരങ്ങൾ നാളെ തിരിച്ചെത്തും; അഭിനന്ദിക്കാൻ പ്രധാനമന്ത്രി