‘പ്രിജില്‍’ മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ വഴി ഉദയമാകും; 15 വര്‍ഷങ്ങളുടെ പരിശ്രമഫലം!

By Desk Reporter, Malabar News
prijil-made in caravan
Ajwa Travels

പത്തനംതിട്ട സ്വദേശിയായ പ്രിജില്‍, എടുത്തുപറയാവുന്ന വേഷത്തിലൂടെ മലയാള സിനിമാ അഭിനേതാക്കളുടെ പട്ടികയിലേക്ക് ചുവടുവെക്കുകയാണ്. 15 വര്‍ഷം നീണ്ട പരിശ്രമങ്ങളുടെയും ഇക്കാലത്തുണ്ടാക്കിയ ബന്ധങ്ങളുടെയും അനന്തരഫമായി ലഭിച്ച വേഷം, ആഗ്രഹിച്ചതിലും മികച്ചതാണെന്ന് പ്രിജില്‍ പറയുന്നു. ‘മെയ്ഡ് ഇന്‍ ക്യാരവാന്‍‘ റിലീസാകാനുള്ള കാത്തിരിപ്പിന്റെ ത്രില്ലിലാണ് പ്രിജിലിപ്പോള്‍.

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‌ജു ബാദുഷ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. നവാഗതനായ ജോമി കുര്യക്കോസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. ഇതിലൂടെയാണ് മലയാള സിനിമാ ലോകത്തെ അഭിനേതാക്കളുടെ നിരയിലേക്ക് പ്രിജില്‍ നടന്നുകയറുന്നത്!

‘Made in Caravan’; Prijil
പ്രിജിൽ

‘മെയ്ഡ് ഇന്‍ ക്യാരവാനില്‍’ നായകവേഷമാണ് ചെയ്യുന്നത്. പക്ഷെ, ആ രീതിയിലുള്ള ഹൈപ്പൊന്നുമല്ല പ്രിജിലിന്റെ പ്രതീക്ഷ. അതില്‍ പ്രിജിലിന് താല്‍പര്യവുമില്ല. താരമെന്ന പദവിയേക്കാള്‍ അഭിനേതാവെന്ന നിലയില്‍ വിലാസം ഉണ്ടാക്കുക എന്നതിനാണ് പ്രിജില്‍ മുന്‍ഗണന നല്‍കുന്നത്. ‘ചെയ്‌ത വേഷം പ്രേക്ഷകമനം കീഴടക്കുന്നതും സിനിമാലോകം ശ്രദ്ധിക്കാന്‍ മാത്രം കരുത്തുള്ളതുമാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല’ പ്രിജിലിന്റെ ആത്‌മവിശ്വാസമുള്ള ഈ വാക്കുകളില്‍ സിനിമയുടെ നിലവാരം രേഖപ്പെടുത്തുന്നുണ്ട്.

‘പ്രിജില്‍ കൂളാണ്’; സംവിധായകന്‍ ജോമി പറയുന്നു

വളരെ കൂളായിട്ടുള്ള ഒരാളാണ് പ്രിജില്‍. അഭിനയവും അങ്ങനെതന്നെ. ‘മെയ്ഡ് ഇന്‍ ക്യാരവാനി’ല്‍ ഞാന്‍ മനസില്‍ കണ്ട കഥാപാത്രത്തെയാണ് തേടിക്കൊണ്ടിരുന്നത്. അതൊരു പുതുമുഖം ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അതിന് ചില കാരണങ്ങളുമുണ്ട്. അങ്ങനെ ദുബായില്‍ വെച്ചുനടന്ന ഓഡീഷന്‍ വഴിയാണ് പ്രിജില്‍ കടന്നുവരുന്നത്. ഞങ്ങളെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന പ്രകടനമാണ് പ്രിജില്‍ കാഴ്‌ചവെച്ചത്. അതാണ് പ്രിജിലിന് ഈ ചിത്രത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

സ്വഭാവികമായ അഭിനയ ശൈലിയാണ് പ്രിജിലിന്റേത്. നേരത്തെ ചാന്‍സ് തേടി ധാരാളം ഷൂട്ടിങ് സെറ്റുകളില്‍ പോയ അനുഭവമുണ്ട് പ്രിജിലിന്. അതുകൊണ്ടുതന്നെ ആദ്യമായി ചെയ്യുന്നതിന്റെ പരിഭ്രമമോ ഭയമോ ഉണ്ടായിരുന്നില്ല. തന്റെ കഥാപാത്രത്തെ ഏറ്റവും ഭംഗിയായി പ്രിജില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളസിനിമയില്‍ നല്ല ഭാവിയുള്ള അഭിനേതാവ് തന്നെയാണ് പ്രിജില്‍; സംവിധായകന്‍ ജോമി കുര്യക്കോസ് സാക്ഷ്യപ്പെടുത്തുന്നു.

Made in Caravan Movie

‘ആനന്ദം’ ഫെയിം അന്നു ആന്റണിക്കൊപ്പം ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്ന പ്രിജില്‍ തന്റെ പുത്തന്‍ സിനിമാ വിശേഷങ്ങളും സ്വപ്‌നങ്ങളും മലബാര്‍ ന്യൂസ് വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.

സിനിമയെന്ന സ്വപ്‌നം

സിനിമ തന്നെയാണ് പാഷനും സ്വപ്‌നവും എല്ലാം. എന്നെ ഏറ്റവും കൂടുതല്‍ വിസ്‌മയിപ്പിക്കുന്നതും സിനിമ തന്നെയാണ്. സിനിമ ഒരു പാഷനായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതാണ്ട് പ്ളസ് വൺ കാലഘട്ടം മുതൽ ഇതൊരു മോഹമായി ഉള്ളിൽ കയറിക്കൂടിയിരുന്നു. ആക്റ്റിംഗ് സ്‌കൂളിലും മറ്റും പോയി പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ അവസരം തേടിയെത്തുക തന്നെ ചെയ്യുമെന്ന വിശ്വാസമാണ് ഇക്കാലമത്രയും അലയാനായി പ്രേരിപ്പിച്ച ഊര്‍ജ്‌ജം. ഒരു കാര്യം ആത്‌മാര്‍ഥമായി ആഗ്രഹിച്ചാല്‍ നടക്കുമെന്ന് പറയാറില്ലേ… ഇതാ എന്റെ ജീവിതത്തിലും അത് യഥാര്‍ഥ്യമാവുകയാണ്.

സിനിമയിലേക്കുള്ള വഴി

ഒട്ടും എളുപ്പമായിരുന്നില്ല അത്. സിനിമയില്‍ മുഖം കാണിക്കാന്‍ കഷ്‌ടപ്പെടുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവരില്‍ ഒരാള്‍ ആയിരുന്നു ഞാനും. സിനിമ മാത്രമായിരുന്നു ലക്ഷ്യം. 1015 വര്‍ഷത്തോളം ഇതിന്റെ പിന്നാലെ അലഞ്ഞിട്ടുണ്ട്. ഒരുപാട് ലൊക്കേഷനുകള്‍, ഓഡീഷനുകള്‍…അങ്ങനെ അങ്ങനെ. ഏറെ കഷ്‌ടപ്പെട്ട് തന്നെയാണ് ഇവിടം വരെ എത്തിയത്. പ്രിജിൽ കൂട്ടിച്ചർത്തു.

prijil-actor
പ്രിജിൽ

അങ്ങനെയും ചില നാളുകള്‍

ഒരു നല്ല വേഷത്തിനായുള്ള പ്രിജിലിന്റെ കാത്തിരിപ്പിന് 15 വര്‍ഷത്തോളമുള്ള അലച്ചലിന്റെ ചൂടും പിന്നെ പരിഹാസങ്ങളും കളിയാക്കലുകളും കേട്ടു തഴമ്പിച്ച ഭാരവുമുണ്ട്. ‘പിന്നിട്ട വഴികളില്‍ പലരെയും പോലെ ഞാനുമേറെ അനുഭവിച്ചിട്ടുണ്ട്. നടവഴികളില്‍ ഉടനീളം നിരാശയും വിഷമവും പരിഹാസവും എല്ലാം ഒപ്പമുണ്ടായിരുന്നു’ -പ്രിജില്‍ പറഞ്ഞു.

എത്രയോ ഓഡീഷനുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എറണാകുളത്തൊക്കെ മിക്ക പടങ്ങളുടെയും ഓഡീഷന്‍ നടക്കാറുണ്ട്. അവിടെയെല്ലാം ഞാന്‍ നിത്യ സന്ദര്‍ശകനായിരുന്നു. ചിലര്‍ വിളിക്കുമെന്ന് പറയും. ചിലര്‍ ചെറിയ വേഷങ്ങള്‍ തരും. എന്നാല്‍ അതൊന്നും മിക്കപ്പോഴും സിനിമയില്‍ ഉണ്ടാവാറ് പോലുമില്ല. ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’, ‘കുട്ടീം കോലും’ പോലുള്ള വളരെ കുറച്ച് സിനിമകളില്‍ ചെറുതായി മുഖം കാണിച്ചിട്ടുണ്ട്. സിനിമയുടെ പുറകെ അലയുന്നതിനിടെ കൈവന്ന ബന്ധങ്ങള്‍ വഴിയാണ് ഈ അവസരങ്ങള്‍ ലഭിച്ചത്. എന്നാലും ചെറിയ വേഷങ്ങള്‍ ആയിരുന്നു അവയെല്ലാം.

prijil-actor

സിനിമയുടെ പിന്നാലെ നടക്കുന്നവരോട് പൊതുവെ നാട്ടുകാര്‍ക്ക് ഉണ്ടാവുന്ന ഒരു പ്രത്യേക കരുതലുണ്ടല്ലോ. അത് ഞാനും നല്ലവണ്ണം അനുഭവിച്ചിട്ടുണ്ട്. ‘കുറേ കാലമായല്ലോ ഈ നടത്തം തുടങ്ങിയിട്ട്’, സിനിമയില്‍ എപ്പോഴെങ്കിലും കാണാനാകുമോ’ തുടങ്ങിയ കളിയാക്കലുകള്‍ ധാരാളം ഏറ്റുവാങ്ങിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ അഭിനയിച്ചാല്‍ പൊതുവെ കൂട്ടുകാരോട് പോലും പറയാറില്ല. ചിലപ്പോള്‍ തിയേറ്ററില്‍ എത്തുമ്പോഴാണ് നമ്മള്‍ എവിടെയും ഇല്ല എന്ന് മനസിലാകുന്നത്. അപ്പോള്‍ വലിയ സങ്കടമാകും. പിന്നെ ഒരു ചമ്മലും ഒഴിവാക്കാമല്ലോ.

അതേസമയം നല്ല റോളുകള്‍ ലഭിച്ചിട്ടും അവസാന നിമിഷം കൈവിട്ടുപോയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആ നിമിഷങ്ങളിലാണ് മനസ് തകര്‍ന്നുപോയത്. അന്ന് ‘ജോലി’ എന്നത് ഒരു അനിവാര്യതയായി മാറിയിരുന്നു.

സിനിമ വേണ്ട

നടക്കുമെന്ന് കരുതിയ ചില പ്രോജക്റ്റുകൾ നടക്കാതെ പോയത് ഏറെ വിഷമുണ്ടാക്കി. പിന്നെയും ലൈഫ് മുന്നോട്ട് പോകണമല്ലോ. ആ ഒരു ഘട്ടത്തിലാണ് വിദേശത്തേക്ക് പോകുന്നത്. സിനിമയോട് താല്‍ക്കാലികമെങ്കിലും ബൈ പറഞ്ഞ കാലം. അവിടെ ജോലിക്കിടയില്‍ സിനിമയുടെ പിന്നാലെ പോവുക പ്രാക്റ്റിക്കല്‍ ആയിരുന്നില്ല. ഏതാണ്ട് സിനിമ വിട്ടു എന്ന നിലയിലേക്ക് മാറുമ്പോഴാണ് ‘മെയ്ഡ് ഇന്‍ കാരവാന്‍’ സംഭവിക്കുന്നത്.

‘Made in Caravan’; Prijil
മെയ്‌ഡ് ഇന്‍ ക്യാരവാനിൽ പ്രിജിൽ

എല്ലാത്തിനും അതിന്റെതായ സമയമുണ്ട്…

സമയം നന്നാവുമ്പോള്‍ എല്ലാം ശരിയാകും എന്ന് പറയുന്നത് വാസ്‌തവമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്നെ തേടിയെത്തുന്നത്. 15 വര്‍ഷത്തെ സിനിമാ മോഹവുമായുള്ള അലച്ചിലില്‍ ഉണ്ടായ ബന്ധങ്ങളുടെ കരുത്താണ് അതിന് കാരണമായത്. അതെ, ഇതാണ് ഞാന്‍ കാത്തിരുന്ന നിമിഷം. എനിക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ എന്‍ട്രിയാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’.

ക്യാമറ റോളിങ് ആക്ഷന്‍

കാസ്‌റ്റിങ് കോള്‍ കണ്ടാണ് ‘മെയ്ഡ് ഇന്‍ ക്യാരവാനി’ല്‍ എത്തുന്നത്. അബുദാബിയിലെ ജോലി തിരക്കില്‍ സിനിമയെ മറന്നു തുടങ്ങിയ ഘട്ടത്തിലാണ് കാസ്‌റ്റിങ് കോള്‍ ശ്രദ്ധയില്‍ പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല. ദുബായിയില്‍ നടക്കുന്ന ഓഡീഷനിലേക്ക് നേരെയങ്ങു ചെന്നു. അവരും ഒരു ന്യൂ ഫെയ്‌സ് ആയിരുന്നു തേടിക്കൊണ്ടിരുന്നത്.

പല സിനിമകളിലെയും പോലെ ഈ സിനിമയുടെ പിന്നണിയിലും എനിക്കറിയുന്ന ഒരുപാട് പേരുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടത് കഥാപാത്രത്തെയാണല്ലോ. അല്ലാതെ പ്രിജില്‍ എന്ന സുഹൃത്തിനെയോ ബന്ധുവിനെയോ അല്ലല്ലോ. സംവിധായകന്‍ ഉദ്ദേശിക്കുന്ന കഥാപാത്രത്തിന് ഞാന്‍ അനുയോജ്യമാണോ എന്നതാണല്ലോ സുപ്രധാന കാര്യം. ഇവരാണെങ്കില്‍ നാട്ടിലും ഓഡീഷന്‍ നടത്തിയിരുന്നു.

രണ്ടുംകല്‍പിച്ചു ദുബായിലെ ഓഡീഷനില്‍ പങ്കെടുത്തു. മഹാഭാഗ്യം, സംവിധായകനും പിന്നണിയിലുള്ളവര്‍ക്കും എന്നില്‍ വിശ്വാസമായി. അങ്ങനെ എനിക്ക് നറുക്ക് വീണു. അതൊരു വല്ലാത്ത നിമിഷമായിരുന്നു. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പിന് ലഭിച്ച ഏറ്റവും മികച്ച ഫലം. പിന്നീടങ്ങോട്ട് ഇരുപതോളം ദിവസങ്ങള്‍ നീണ്ടുനിന്ന അഭിനയ കളരികളും മറ്റ് വിവിധ സെഷനുകളും. അപ്പോഴേക്കും അന്നു ഉള്‍പ്പടെയുള്ള മറ്റു താരങ്ങളും എത്തി.

made in caravan

‘മെയ്ഡ് ഇന്‍ ക്യാരവാന്‍’

സംവിധായകനായ ജോമി കുര്യാക്കോസ് തന്നെയാണ് ‘മെയ്ഡ് ഇന്‍ ക്യാരവാ’ന്റെ കഥ, തിരക്കഥ എന്നിവയ്‌ക്ക് പിന്നിലും. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ചിത്രമാണിത്. ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ് തുടങ്ങിയ മലയാളി താരങ്ങളെ കൂടാതെ അന്താരാഷ്‍ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫര്‍, നസ്സഹ എന്നിവരും ചിത്രത്തില്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

‘സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാകുന്ന ഒന്നായിരിക്കും എന്നതില്‍ യാതൊരു ആശങ്കയും ഇല്ല. തുടക്കത്തില്‍ ചെറുതെന്ന് തോന്നിക്കുമെങ്കിലും സിനിമയുടെ കഥാഗതിക്കൊപ്പം വികസിക്കുന്ന ഒരു കഥാപാത്രമാണത്. ഒരു പുതുമുഖത്തെ ജനം എങ്ങനെ സ്വീകരിക്കുമെന്ന ഭയവും ശങ്കയും സത്യത്തില്‍ എനിക്കില്ല. എങ്ങനെ വന്നാലും ആളുകള്‍ക്ക് ഇഷ്‌ടമാകുന്ന ഒരു കഥാപാത്രമായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പ് നല്‍കാനാകും’, പ്രിജിൽ പറഞ്ഞു.

‘എനിക്ക് നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റിയ വേഷം തന്നെയാണ് ലഭിച്ചത്. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അതെനിക്ക് നല്‍കിയ ആത്‌മവിശ്വാസം വളരെ വലുതായിരുന്നു,’ പ്രിജിൽ കൂട്ടിച്ചേർത്തു.

prijil-actor
‘മെയ്‌ഡ് ഇന്‍ ക്യാരവാനി’ൽ പ്രിജിൽ

ഷൂട്ടിംഗ് വിശേഷങ്ങള്‍

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ഈ സിനിമ സമ്മാനിച്ചത്. ചുറ്റും ഉണ്ടായിരുന്നത് ഏറ്റവും മികച്ച ആള്‍ക്കാര്‍ ആയിരുന്നു. അതിന്റെ കോണ്‍ഫിഡന്‍സ് വലുതായിരുന്നു. ഒപ്പം അഭിനയിക്കുന്നവരില്‍ നിന്നും മികച്ച രീതിയിലുള്ള സപ്പോര്‍ട് ലഭിച്ചു. ഇനി എത്ര സിനിമകളില്‍ അഭിനയിച്ചാലും ഈ സിനിമയുടെ ഷൂട്ടിങ് അനുഭവം എന്നും സ്‌പെഷല്‍ ആയിരിക്കും; പ്രിജിൽ പറഞ്ഞു.

‘സ്‌ക്രിപ്റ്റ് വായിച്ച് ഡയലോഗുകള്‍ മനഃപാഠമാക്കി പറയുന്ന രീതിയായിരുന്നില്ല ഇവിടെ. സ്‌ക്രിപ്റ്റ് വായിച്ച് മനസിലാക്കി നമ്മുടേതായ രീതിയില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ പേടിയും ഉണ്ടായിരുന്നില്ല. പിന്നെ ഷൂട്ടിങ് സെറ്റുകള്‍ കണ്ട് നല്ല പരിചയം ഉണ്ടായതിനാല്‍ ആദ്യമായി ചെയ്യുന്നുവെന്ന തോന്നലും ഉണ്ടായിരുന്നില്ല. അന്നു, മിഥുന്‍ ചേട്ടന്‍ തുടങ്ങി കൂടെ അഭിനയിച്ച എല്ലാവരും നല്ല സപ്പോര്‍ട്ടാണ് നല്‍കിയത്’, പ്രിജിൽ കൂട്ടിച്ചേർത്തു.

prijil-midhun-annu
മിഥുൻ, അന്നു ആന്റണി എന്നിവർക്കൊപ്പം പ്രിജിൽ

സിനിമയുമായി മുന്നോട്ട്

ഒരുപാട് സിനിമകള്‍ അല്ല, മറിച്ച് പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന കുറച്ചെങ്കിലും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. മലയാളികളുടെ സിനിമകളോടുള്ള സമീപനത്തില്‍ ഇപ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. താരാരാധന എന്നതിലുപരി നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാനും പുതിയ ആള്‍ക്കാരെ, രീതികളെ, ചിന്തകളെ ഉള്‍ക്കൊള്ളാനും പ്രേക്ഷകര്‍ പഠിച്ചു കഴിഞ്ഞു. നല്ല കഥകളും സിനിമാനുഭവവും ആണ് പ്രേക്ഷകര്‍ക്ക് വേണ്ടത്. ഏതു ഭാഷയില്‍ ആയാലും അത്തരം നല്ല സിനിമയുടെ ഭാഗമാകാനാണ് എന്റെ ആഗ്രഹം.

സിനിമകള്‍ കാണാനും വളരെയേറെ ഇഷ്‌ടപ്പെടുന്ന ആളാണ് ഞാന്‍. തമിഴ് സിനിമകളോട് പ്രത്യേക താൽപര്യമുണ്ട്. എന്റെ ബോഡി ലാംഗ്വേജ് തമിഴ് സിനിമയ്‌ക്ക് കൂടുതല്‍ ചേരുമെന്ന് തോന്നാറുണ്ട്. ചിലപ്പോള്‍ അതുകൊണ്ട് കൂടിയായിരിക്കും ആ അടുപ്പം.

മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ അഭിനയമൊക്കെ വളരെ ഇഷ്‌ടമാണ്. അടുത്തിടെ ‘ഹോം’ എന്ന ചിത്രം കണ്ടു. ഇന്ദ്രന്‍സ് എന്ന നടന്‍ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു. ഇപ്പോള്‍ അദ്ദേഹമാണ് എന്റെ ഫേവറിറ്റ് ആക്‌ടർ. ‘മെയ്ഡ് ഇന്‍ ക്യാരവാനി’ലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ അഭിനയമികവുകള്‍ ഇനിയും നമ്മളേറെ കാണാന്‍ ബാക്കിയുണ്ട്.

‘മെയ്ഡ് ഇന്‍ ക്യാരവാന്റെ’ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. താമസിയാതെ ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തും. കോവിഡ് ഇപ്പോഴും വെല്ലുവിളിയായി മുന്നിലുണ്ട്. സിനിമ ബിഗ് സ്‌ക്രീനില്‍ കാണണം എന്നുതന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. പ്രിജില്‍ പറഞ്ഞുനിറുത്തി.

prijil-actor
പ്രിജിൽ

Most Read: ‘ആല്‍ക്കെമിസ്‌റ്റ്’ ഓട്ടോയെ കണ്ടുമുട്ടി പൗലോ കൊയ്‌ലോ; അമ്പരപ്പ് മാറാതെ പ്രദീപ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE