മുംബൈ: വിവിധ ജില്ലകളിൽ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മഹായുതി സർക്കാരിൽ ഭിന്നത രൂക്ഷമായി. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ശിവസേന (ഷിൻഡെ) നേതാക്കൾ എന്നിവരുടെ അതൃപ്‌തി മൂലം നാസിക്, റായ്‌ഗഡ് ജില്ലകളുടെ ഗാർഡിയൻ മന്ത്രി നിയമനം സർക്കാർ പിൻവലിച്ചു.
എൻസിപി മന്ത്രി അദിതി തത്ക്കറെ, ബിജെപി മന്ത്രി ഗിരീഷ് മഹാജൻ എന്നിവർക്കായിരുന്നു റായ്‌ഗഡ്, നാസിക് ജില്ലകളുടെ ചുമതല യഥാക്രമം നൽകിയിരുന്നത്. എന്നാൽ, മുതിർന്ന ശിവസേനാ (ഷിൻഡെ) നേതാക്കളായ മന്ത്രി ദാദാജി ബുസെ (നാസിക്), മന്ത്രി ഭരത് ഗോഗാവ്‌ലെ (റായ്‌ഗഡ്) എന്നിവർക്ക് അവരുടെ ജില്ലയിലെ ഗാർഡിയൻ മന്ത്രി ചുമതല നൽകിയില്ലെന്ന് മാത്രമല്ല, ഗാർഡിയൻ മന്ത്രിമാരുടെ ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.
ഇതാണ് ഷിൻഡെ വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. അദിതി തത്ക്കറെയെ റായ്‌ഗഡിൽ നിയമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ശിവസേനയുടെ 38 നേതാക്കൾ സ്‌ഥാനം രാജിവെച്ചു. ഇത്തരമൊരു തീരുമാനത്തിന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എങ്ങനെ സമ്മതം കൊടുത്തുവെന്നും നേതാക്കൾ ചോദിച്ചു. സർക്കാർ തീരുമാനത്തിനെതിരെ ഗോഗാവ്‌ലെ പരസ്യമായി രംഗത്തുവന്നപ്പോൾ, തനിക്ക് നൽകുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമെന്ന് മാത്രമാണ് ബുസെ പ്രതികരിച്ചത്.
ഒട്ടേറെ കാലമായി നാസിക്, റായ്‌ഗഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ദാദാജി ബുസെ, ഭരത് ഗോഗാവ്‌ലെ എന്നിവരിടെ ഗാർഡിയൻ മന്ത്രി സംബന്ധമായ ആവശ്യം തീർത്തും ന്യായമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവരുമായി കൂടിയാലോചിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































