ന്യൂഡെല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. കേരളത്തിൽ എത്തിയാൽ മഅദ്‌നി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകര സംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ട് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയിരുന്നു. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിചാരണ വേഗത്തിൽ നടക്കുന്നില്ലെന്നും ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ ജഡ്‌ജി ഇല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മഅദ്‌നി അപകടകാരിയായ ആളാണെന്നായിരുന്നു കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അഭിപ്രായപ്പെട്ടിരുന്നത്. മഅദ്‌നി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ അഭിഭാഷകനായിരിക്കെ മഅദ്‌നിക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്‌റ്റിസ് വി രാമസുബ്രഹ്‌മണ്യൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജൂലൈയിലാണ് സുപ്രീം കോടതി അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Read Also: ബോംബ് ഭീഷണി, വധക്കേസ്; സച്ചിൻ വാസെയുടെ കൂട്ടാളി അറസ്‌റ്റിൽ