ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു. 11.40ന് ആണ് ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെടുക. 12.40ന് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് അൻവാർശേരിയിലേക്കാണ് പോവുക. കുടുംബവും പിഡിപി പ്രവർത്തകരും മഅദ്‌നിക്കൊപ്പമുണ്ടാകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാർശേരിയിൽ കഴിഞ്ഞതിന് ശേഷമേ ചികിൽസാ കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്നാണ് വിവരം.
അബ്‌ദുൾ നാസർ മഅദ്‌നിയുടെ ജാമ്യവ്യവസ്‌ഥകളിൽ സുപ്രീം കോടതി ഇളവ് അനുവദിക്കുകയും അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ അനുവാദം നൽകുകയും ചെയ്‌തിരുന്നു. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബെംഗളൂരു വിട്ടുപോകരുതെന്ന ജാമ്യവ്യവസ്‌ഥ റദ്ദാക്കിയാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയത്.
ചികിൽസയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പോലീസ് അനുമതിയോടെ പോകാമെന്നും കോടതി ഉത്തരവുണ്ട്. കൂടാതെ, 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട് കർണാടക പോലീസിന് കൈമാറണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മഅദ്‌നിക്ക് കർണാടക പോലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
അതേസമയം, നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് മഅദ്‌നി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ സാധിച്ചതിൽ സന്തോഷവും സമാധാനവും ഉണ്ടെന്നും മഅദ്‌നി പറഞ്ഞു.
Most Read: സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു