ബെംഗളൂരു: പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസര്‍ മഅദ്‌നി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ഇൻഡിഗോ വിമാനത്തിൽ ബെഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മഅദ്‌നി രാത്രി 7.20ന് കൊച്ചിയിലെത്തും. അൻവറാശ്ശേരിയിലാണ് മഅദ്‌നി നേരെ പോകുന്നത്. അതേസമയം, വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദ്‌നി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നോട് ചെയ്‌ത നീതികേട് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണെന്നും മഅദ്‌നി പറഞ്ഞു.
തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രകാലം വിചാരണ തടവുകാരനായി വേറെയാർക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദ്‌നി കൂട്ടിച്ചേർത്തു. ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീം കോടതി അനുമതിയോടെ മഅദ്‌നി കേരളത്തിൽ എത്തുന്നത്.
12 ദിവസത്തേക്കാണ് സുപ്രീം കോടതി മഅദ്‌നിക്ക് കേരളത്തിൽ തങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. കൊല്ലത്ത് ചികിൽസയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. നേരത്തെ, കേരളത്തിലേക്ക് പോകാൻ ജാമ്യവ്യവസ്‌ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചിലവ് വഹിക്കാൻ കഴിയാത്തതിനെ തുടർന്ന് യാത്ര വേണ്ടെന്ന് വെച്ചിരുന്നു.
Most Read: ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കും; ആരോഗ്യമന്ത്രി