എസ്‌യുവികളുടെ പിൻബലത്തിൽ ഏപ്രിൽ മാസത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ എതിരാളികളായ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് മഹീന്ദ്ര. ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന (പിവി) നിർമാതാക്കളായി മഹീന്ദ്ര മാറി. 2026 സാമ്പത്തിക വർഷത്തിൽ മികച്ച തുടക്കമാണ് ഇതോടെ കുറിച്ചത്.
വിൽപ്പനയിൽ ഒന്നാം സ്‌ഥാനത്ത് മാരുതി സുസുക്കി തുടരുന്നു. 1,38,704 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റായിരുന്നു. ഏപ്രിലിൽ, 52,330 യൂണിറ്റുകളുടെ ആഭ്യന്തര മൊത്തവിൽപ്പനയാണ് മഹീന്ദ്ര നടത്തിയത്. വാർഷികാടിസ്‌ഥാനത്തിൽ 27.61 ശതമാനത്തിന്റെ വളർച്ചയാണിത്. 2024 ഏപ്രിലിൽ ഇത് 41,008 യൂണിറ്റായിരുന്നു.
ബൊലേറോ, ബൊലേറോ നിയോ, എസ്‌യുവി 3XO, ഥാർ, ഥാർ റോക്‌സ്, സ്‌കോർപിയോ ക്ളാസിക്, സ്‌കോർപ്പിപിയോ- എൻ, XUV700 തുടങ്ങിയ എസ്‌യുവികളാണ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. ഇവയെല്ലാം ഇന്റേണൽ കാംബഷൻ എൻജിൻ (ഐസിഇ) മോഡലുകളാണ്. കമ്പനിയുടെ ഇലക്‌ട്രിക് വാഹന നിരയിൽ XUV400, BE6, XEV 9e എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.
ഏപ്രിലിൽ 45,199 യൂണിറ്റാണ് ടാറ്റായുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന. വാർഷികാടിസ്‌ഥാനത്തിൽ 5.60 ശതമാനത്തിന്റെ കുറവ്. 2024 ഏപ്രിലിൽ 47,883 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. ടിയാഗോ, ടിയാഗോ ഇവി, ആൾട്രോസ്, ടിഗോർ, ടിഗോർ-ഇവി, പഞ്ച്, പഞ്ച്-ഇവി. നെക്‌സോൺ, നെക്‌സോൺ- ഇവി, കർവ്, കർവ്-ഇവി, ഹാരിയർ, സഫാരി എന്നിവ ടാറ്റയുടെ പാസഞ്ചർ വാഹന നിരയിൽ ഉൾപ്പെടുന്നു.
അതേസമയം, ഹ്യുണ്ടായിയുടെ വിൽപ്പന ഇതേ കാലയളവിൽ 44,374 യൂണിറ്റാണ്. വാർഷികാടിസ്‌ഥാനത്തിൽ 11.61 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2024 ഏപ്രിലിൽ 50,201 യൂണിറ്റുകളായിരുന്നു വിറ്റത്. ഗ്രാൻഡ് i10 നിയോസ്, i20, ഓറ, വെർണ, എക്‌സ്‌റ്റർ, വെന്യു, ക്രെറ്റ, ക്രെറ്റ ഇലക്‌ട്രിക് (ഇവി), അൽകാസർ, ട്യൂസോൺ, അയോണിക് 5 (ഇവി) തുടങ്ങിയ കാറുകളാണ് ഹ്യുണ്ടായി വിൽക്കുന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ