ബർഗർസ്‌റ്റോക്ക്: യുക്രൈൻ സമാധാന ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ. യുക്രൈന്റെ ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാന കരാർ എന്ന ആവശ്യം ഉയർത്തി രണ്ടു ദിവസം നീണ്ടുനിന്ന സമാധാന ഉച്ചകോടിയിൽ 90ലേറെ രാജ്യങ്ങളാണ് പങ്കെടുത്തത്.
ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മെക്‌സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് സംയുക്‌ത സമാധാന കരാറിൽ നിന്ന് വിട്ടുനിന്നത്. നിരീക്ഷകരായി ഉച്ചകോടിയിൽ പങ്കെടുത്ത ബ്രസീലും സംയുക്‌ത പ്രസ്‌താവന അംഗീകരിച്ചില്ല. 79 രാജ്യങ്ങൾ ഒപ്പുവെച്ചു.
സാപോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രൈന് തിരിച്ചുപിടിക്കണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും പ്രസ്‌താവന ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് സമാധാനം പുനഃസ്‌ഥാപിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ജൂൺ 15, 16 തീയതികളിലായി സ്വിറ്റ്‌സർലൻഡിലെ ബർഗർസ്‌റ്റോക്കിലാണ് ഉച്ചകോടി നടന്നത്. എന്നാൽ, ഇതിലേക്ക് റഷ്യയ്‌ക്ക് ക്ഷണമുണ്ടായിരുന്നില്ല. ചൈനയെ യുക്രൈൻ ക്ഷണിച്ചെങ്കിലും അവർ പ്രതിനിധിയെ അയക്കാതെ വിട്ടുനിന്നു. എന്നാൽ, റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുർക്കി പ്രസ്‌താവനയിൽ ഒപ്പുവെച്ചത് യുക്രൈന് ആശ്വാസമായിട്ടുണ്ട്.
Most Read| റഫയിൽ ദിവസവും 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ