പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്, ചൈനീസ്, ഫ്രഞ്ച് ഭാഷാപരിശീലനവും തുടങ്ങും.
സൈനുദ്ദീൻ മഖ്‌ദൂമിന് സ്‌മാരകം ഒരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നത്. മലയാള സർവകലാശാലയുമായി സഹകരിച്ചാണ് പഠനകേന്ദ്രം പ്രവർത്തിക്കുക. നിലവിൽ പൊന്നാനി സിവിൽ സർവീസ് അക്കാദമിയിലായിരിക്കും ക്ളാസുകൾ ആരംഭിക്കുക. 17 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
മലയാള സർവകലാശാലയുടെ വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമായുള്ള ഉപ കേന്ദ്രമായാണ് മഖ്‌ദൂം പഠനകേന്ദ്രം പ്രവർത്തിക്കുക. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള വിദേശഭാഷകളിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. ഓൺലൈൻ, ഓഫ്‌ലൈൻ ക്ളാസുകൾ ഉണ്ടായിരിക്കും.
വിവിധ ഭാഷാ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരം, തുടർ ഗവേഷണത്തിനുള്ള അവസരങ്ങൾ, വിവർത്തനത്തിനുള്ള അവസരങ്ങൾ എന്നിവയും മഖ്‌ദൂം പഠനകേന്ദ്രത്തിൽ ലഭ്യമാക്കും. മലയാള സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാണ് ഉദ്യോഗാർഥികൾക്ക് നൽകുകയെന്ന് പി നന്ദകുമാർ എംഎൽഎ, മലയാള സർവകലാശാല വിസി ഡോ. എൽ സുഷമ, ഡോ. കെഎം ഭരതൻ, ഡോ. ജി സജിന എന്നിവർ അറിയിച്ചു.
അപേക്ഷിക്കേണ്ട രീതി
മഖ്‌ദൂം പഠന കേന്ദ്രത്തിൽ ജർമൻ, അറബിക് ഭാഷാ പരിശീലന കോഴ്‌സുകളിലേക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം. ജർമൻ കോഴ്‌സിന് 10,000 രൂപയും അറബിക്കിന് 5000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം. www.malayalamuniversity.edu.in, ഫോൺ: 9188023237.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ