തിരുവന്തപുരം: എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിരബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത വർഷം മുതൽ ഒമ്പതാം ക്ളാസിലും മിനിമം മാർക്ക് നടപ്പാക്കും.
എഴുത്ത് പരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കും. 2026-27ൽ പത്താം ക്‌ളാസിലും മിനിമം മാർക്ക് നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. വിദ്യാഭ്യാസ കോൺക്ളേവിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നത് മൂലവും ഓൾ പാസ് മൂലവും സംസ്‌ഥാനത്ത് സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
ഈ പരാതി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മിനിമം മാർക്ക് നിർബന്ധമാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചത്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ പിന്നാക്കം പോകുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ