മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ളബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. അക്കൂട്ടത്തിലേക്ക് എത്തിയ സിനിമയായിരുന്നു ഫഹദ് ഫാസിൽ നായകനായ ‘ആവേശം’.
ഫഹദിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കിയ ‘ആവേശം’ ആഗോളതലത്തിൽ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ ഒരുകോടി രൂപയിലധികം നേടിയിരുന്നു. ‘രംഗൻ’ എന്ന കഥാപാത്രമായി ഫഹദ് അഴിഞ്ഞാടിയപ്പോൾ പ്രേക്ഷകരിൽ ആവേശത്തിരയിളക്കമാണ് ഉണ്ടായത്. അത് തെളിയിക്കുന്നതാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ.
റിലീസ് ദിനം മുതൽ മികച്ച കളക്ഷൻ നേടിയ ആവേശം, ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ പിന്നിലാക്കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ 128 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്. ആവേശം നേടിയത് 130 കോടിയും.
ഇതോടെ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ മലയാള സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആവേശം. 135 കോടി നേടി പ്രേമലു ആണ് അഞ്ചാം സ്ഥാനത്ത്. വൈകാതെ പ്രേമലുവിനെയും ആവേശം മറികടക്കുമെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ആടുജീവിതം, പ്രേമലു, ആവേശം, ലൂസിഫർ എന്നിവയാണ് നിലവിൽ പണം വാരിയ മലയാള സിനിമകൾ.
‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. അൻവർ റഷീദാണ് സിനിമ നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്ചാത്തലത്തിൽ പറയുന്ന വ്യത്യസ്തമായൊരു ക്യാമ്പസ് ചിത്രമാണ് ‘ആവേശം’. ക്യാമ്പസ് പ്രണയത്തിനും സൗഹൃദത്തിനും പുറമെ, നർമത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് തിരക്കഥ രചിച്ചത്. സമീർ താഹിറയാണ് ക്യാമറ.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. രോമാഞ്ചത്തിൽ അഭിനയിച്ച പ്രധാന താരങ്ങളെല്ലാം ആവേശത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ് നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Most Read| വിഷാദരോഗവും ആത്മഹത്യാ ചിന്തകളും; ശാസ്ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം