കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന ബസൂക്ക, സൂര്യ നായകനാകുന്ന കങ്കുവ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങൾ. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുള്ള സംസ്‌ഥാന അവാർഡും നിഷാദിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസിൽ വീഡിയോ എഡിറ്ററായിരുന്നു. അതിനുശേഷമാണ് സിനിമാ രംഗത്തേക്ക് എത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്‌ഥലത്തെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കരിയറിലെ ഏറ്റവും ശോഭനമായ ഉയരത്തിൽ നിൽക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്.
Most Read| പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും







































