ഡബ്‌ളിൻ: അയർലൻഡിൽ മലയാളി ദമ്പതികളുടെ ആറുവയസുകാരിയായ മകൾക്ക് നേരെ ആക്രമണം. കോട്ടയം സ്വദേശികളുടെ മകളായ നിയ നവീൻ ആണ് ആക്രമണത്തിനിരയായത്.
തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിന് വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ 12 മുതൽ 14 വയസ് പ്രായമുള്ള ആൺകുട്ടികളുടെ സംഘം ആക്രമിച്ചത്.
വംശീയാക്രമണമാണ് ഉണ്ടായത്. നിയയുടെ മുഖത്തും കഴുത്തിലും അടിച്ചെന്നും സൈക്കിൾ കൊണ്ട് ഇടിച്ചെന്നും മാതാവായ അനുപ അച്യുതൻ പറഞ്ഞു. അയർലൻഡിൽ നഴ്‌സായ അനുപ എട്ടുവർഷം മുമ്പാണ് ഭർത്താവിനൊപ്പം ഇവിടെ എത്തിയത്.
ജനുവരിയിലാണ് വാട്ടർഫോർഡ് സിറ്റിയിലേക്ക് കുടുംബം താമസത്തിനെത്തിയത്. അക്രമികളായ കുട്ടികളെ താൻ കണ്ടെന്നും അവർ തന്നെ തുറിച്ചുനോക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌തെന്നും അനുപ പറഞ്ഞു. മകളെ അക്രമിച്ചവർക്കെതിരെ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അക്രമികളായ കുട്ടികളെ ശിക്ഷിക്കരുത്. പകരം കൗൺസിലിങ് നൽകണമെന്നും അനുപ ആവശ്യപ്പെട്ടു.
അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ കൂടുന്നുണ്ട്. ഈ പശ്‌ചാത്തലത്തിൽ, ഇന്ത്യൻ വംശജർ ജാഗ്രത പുലർത്തണമെന്ന് അയർലൻഡിലെ ഇന്ത്യൻ എംബസി മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം