കൊൽക്കത്ത: മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ പിന്തുണ അറിയിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും ഉപയോഗിക്കുന്ന രീതിയെ പ്രതിരോധിക്കാൻ ശക്തവും യോജിച്ചതുമായ പ്രതിപക്ഷം കെട്ടിപ്പടുക്കണമെന്ന് മമത ബാനർജി പറഞ്ഞു.
കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ ഇഡി നേരത്തെ നവാബ് മാലിക്കിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നവാബ് മാലിക്കിനെ വീട്ടിൽ വച്ചും ഇഡി ഓഫിസിൽ വച്ചും ചോദ്യം ചെയ്തത്. എന്നാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്, കേന്ദ്രം ഇഡിയെ ഉപയോഗിച്ച് നവാബ് മാലിക്കിനെ വേട്ടയാടുകയാണ് എന്നാണ് ശിവസേനയുടെ ആരോപണം.
ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അസ്റ്റിലായതിൽ ദുരൂഹത ആരോപിച്ച് നവാബ് മാലിക്ക് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്രസർക്കാരിനും ബിജെപി നേതാക്കൻമാർക്കും എതിരെ അദ്ദേഹം നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആഡംബര കപ്പലിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്. കൂടാതെ എൻസിബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെക്കെതിരെയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
നേരത്തെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. ഇത്തരത്തിൽ ബിജെപി നേതാക്കൾക്ക് എതിരായ വിമർശനങ്ങളുടെ പേരിലാണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
Most Read: ഇനി ആരാധക ഹൃദയങ്ങളിൽ… മഹാനടിക്ക് വിട ചൊല്ലി കേരളം








































